ത്രിപുര: ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 37 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഇടത് – കോൺഗ്രസ് സഖ്യത്തിന് എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. തിപ്രമോദ പാർട്ടി 11 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി 15 സീറ്റിൽ ലീഡ് ചെയ്തിരുന്നു. തിപ്രമോദ പാർട്ടി 5 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്ത്രിപുരയിൽ നഗര പ്രദേശങ്ങളിൽ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. ഗ്രാമ മേഖലകളിൽ വോട്ടർമാരുടെ എണ്ണം കുറവാണ്.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന തിപ്രമോത പാർട്ടി 42 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയത് എൻഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി.
ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർഥികളുമാണ് ജനവധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർഥികളും ജനവിധി തേടുന്നു. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ.