ഇന്ദോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്‍കിയത് സ്പിന്നര്‍മാരുടെ മികച്ച പ്രകടനമായിരുന്നു. അഞ്ചു വിക്കറ്റെടുത്ത മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
ഇതില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ അപൂര്‍വ റെക്കോഡും ലയണ്‍ സ്വന്തമാക്കി. ഏഷ്യാ വന്‍കരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഏഷ്യക്കാരനല്ലാത്ത താരമെന്ന നേട്ടമാണ് ലയണ്‍ സ്വന്തമാക്കിയത്.
11-ാം ഓവറില്‍ ജഡേജയെ പുറത്താക്കിയതോടെ ഏഷ്യന്‍ മണ്ണില്‍ ലയണിന്റെ വിക്കറ്റ് നേട്ടം 128 ആയി. ഇവിടെ 127 വിക്കറ്റുകള്‍ നേടിയ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ റെക്കോഡാണ് ലയണ്‍ മറികടന്നത്.
ഏഷ്യയില്‍ 98 വിക്കറ്റുകളുമായി മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി, 92 വിക്കറ്റുകളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്, 82 വിക്കറ്റുകളുമായി ജെയിംസ് ആന്ഡേഴ്സന് എന്നിവരാണ് ലയണിനും വോണിനും പിന്നില്‍.