ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകള്‍ പൊട്ടാനും കരുവാളിപ്പ് വരാനും സാധ്യതകളുണ്ട്. ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ വീണ്ടും പല കെമിക്കല്‍ വസ്തുക്കളും ഉപയോഗിക്കാന്‍ നമ്മള് നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇനി ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ ഇങ്ങനെ കഷ്ടപെടണ്ട. വീട്ടില്‍ തന്നെ അതിനുള്ള പൊടികൈ ഉണ്ട്.
പ്രകൃതിദത്തമായി ചുണ്ടുകളെ ബ്ലീച് ചെയ്യാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഒരല്പം നാരങ്ങാനീരില്‍ പഞ്ഞി മുക്കി അത് ചുണ്ടുകളില്‍ മസ്സാജ് ചെയ്യുക. മൃതുകോശങ്ങളെ നീക്കാന്‍ നാരങ്ങാനീരില്‍ അല്പം പഞ്ചസാര ചേര്‍ത്ത സ്ക്രബ്ബ് ചെയ്യുന്നതും നല്ലതാണ്. വെയിലേറ്റ കരുവാളിപ്പ് മാറ്റാന്‍ നാരങ്ങാ നീരില്‍ അല്പം ബദാം ഓയില്‍ ചേര്‍ത്ത് ചുണ്ടില്‍ തേക്കുക. ഇത് ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാനും സഹായിക്കും.
തേനും നാരങ്ങാനീരും: ചെറിയ ഒരു ബൗളിലേയ്ക്ക് തുല്യ അളവില്‍ നാരങ്ങാനീരും തേനും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂറിനു ശേഷം നനഞ്ഞ ഒരു തുണി ഉപയോഗിച്ച് വൃത്തിയായി തുടക്കുക. ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
ബീറ്റ്റൂട്ട്
ചുണ്ടുകള്‍ക്ക് നിറം നല്കാന് സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തണുത്ത ബീറ്റ്റൂട്ട് കഷ്ണം ചുണ്ടില്‍ ഇടക്കിടക്ക് ഉരസുക. വെറുതെയിരിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ചുണ്ടുകള്‍ക്ക് സ്വാഭാവിക ചുവപ്പുനിറം ലഭിക്കാന്‍ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കില്‍ നീരെടുത്തും ചുണ്ടില്‍ പുരട്ടാം. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍, വള്‍ഗാസേന്തിന്‍ (vulgaxanthin) എന്നിവ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നതു വഴി കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകള്‍ കൂടുതല്‍ തിളക്കമേറിയതാകുകയും ചെയ്യും.
പഞ്ചസാര
പലതരം ലിപ് സ്ക്രബ്ബുകള്‍ വിപണിയിലുണ്ടെങ്കിലും നമ്മുടെ തേനും പഞ്ചസാരയും തരുന്ന ഗുണത്തോളം വരില്ല മറ്റൊന്നും. അല്പം തേനില്‍ പഞ്ചസാര ചേര്‍ത്ത് അതില്‍ ബ്രഷ് മുക്കി ചുണ്ടുകളില്‍ അല്പനേരം സ്ക്രബ് ചെയ്യാം.
വെളിച്ചെണ്ണ
പ്രകൃതിദത്തമായ മോയ്സ്ചുറൈസര്‍ ആണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോള്‍ ചുണ്ടുകള്‍ കൂടുതല്‍ മൃദുവാകുകയും ചുണ്ടുകള്‍ വരണ്ട് പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും.
വെള്ളരിക്ക നീര്: ഇരുണ്ട നിറമുള്ള ചുണ്ടുകള്‍ ഉള്ളവര്‍ അല്പം വെള്ളരിക്കയുടെ നീരെടുത്ത് ചുണ്ടുകളില്‍ പുരട്ടുക. ഈ നീര് ഉണങ്ങികഴിയുമ്പോള്‍ ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ച് ചുണ്ടുകള്‍ വൃത്തിയാക്കുക.
ഗ്ലിസറിന്‍: ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് തടയാന്‍ ഗ്ലിസറിനു കഴിയും. ഉറങ്ങുന്നതിന് മുമ്പ് ഒരല്പം ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുക. ഇത് ചുണ്ടുകളിലെ ജലാംശം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും.