എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലം: ത്രിപുരയിൽ ബി.ജെ.പി താഴെ വീഴുമെന്ന മനക്കോട്ട കെട്ടി സി.പി.എം

ന്യൂഡൽഹി: ത്രിപുര ഇത്തവണ ആര് ഭരിക്കുമെന്നറിയാൻ ഇനി വെറും രണ്ട് ദിവസങ്ങൾ കൂടി മാത്രം. ഇതിനിടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ, പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് സി.പി.എം. ചില എക്സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ത്രിപുരയിൽ ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന മനക്കോട്ട കെട്ടുകയാണ് സി.പി.എം.

അതിനിടെ പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്ര മോതയുമായി സി.പി.എം ചർച്ച തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയും ഹിമന്ത ബിശ്വ ശർമ്മയും തിപ്ര മോതയുടെ പിന്തുണ തേടിയിട്ടുണ്ട്. ത്രിപുരയിൽ ബി.ജെ.പി സഖ്യത്തിന് വന്‍ വിജയമാണ് എക്സിറ്റ് പോൾ പ്രവചനം. മുന്‍കാലങ്ങളില്‍ എക്സിറ്റ് പോള്‍ ഏറ്റവും കൂടുതല്‍ വിജയകരമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ത്രിപുരയില്‍ എൻഡിഎക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സി.പി.എം കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ പറയുന്നു.

എക്സിറ്റ്പോളുകള്‍ വന്ന സാഹചര്യത്തില്‍ സംഘർഷം കണക്കിലെടുത്ത് ത്രിപുരയില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വിവിധ പാർട്ടികൾ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ വിവേകപൂർവ്വം നിരീക്ഷിക്കുമ്പോൾ സി.പി.എം നോട്ടമിടുന്നത് പ്രാദേശിക മാധ്യമങ്ങളുടെ ക്‌സിറ്റ് പോൾ ഫലത്തിലേക്ക്. പ്രാദേശിക മാധ്യമങ്ങൾ ഇടതുമുന്നണിക്ക്‌ 32 മുതൽ -36 സീറ്റുവരെ പ്രവചിക്കുന്നു. ബിജെപിക്ക്‌ 8-10 സീറ്റുവരെ ലഭിക്കും. സി.പി.എമ്മിന് വിജയം പ്രഖ്യാപിച്ച ഈ മാധ്യമങ്ങളുടെ കണക്കിലാണ് സി.പി.എമ്മിന്റെ കണ്ണ്.