യുക്രെയ്ന്‍ സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ സേനയ്ക്ക് തിരിച്ചടി

കീവ്: യുക്രെയ്ന്‍ സേനയുടെ മുന്നേറ്റത്തില്‍ റഷ്യന്‍ പട്ടാളം കൂടുതല്‍ തിരിച്ചടികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെക്ക് ഖേര്‍സണില്‍ യുക്രെയ്ന്‍ സേന അതിവേഗം മുന്നേറുന്നുവെന്നാണു പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചത്. ഒട്ടനവധി പ്രദേശങ്ങള്‍ റഷ്യന്‍ പട്ടാളത്തില്‍നിന്നു തിരിച്ചുപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുക്രെയ്‌നിലെ ലുഹാന്‍സ്‌ക്, ഡോണറ്റ്‌സ്‌ക്, സാപ്പോറിഷ്യ, ഖേര്‍സന്‍ പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

ഇതിനിടെ, റഷ്യന്‍ പട്ടാളം ഇറേനിയന്‍ നിര്‍മിത ഡ്രോണുകള്‍ യുക്രെയ്‌നില്‍ പ്രയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനടുത്തുള്ള ബിലാ സെര്‍ക്വാ എന്ന പട്ടണത്തില്‍ ഇറേനിയന്‍ നിര്‍മിത ‘കാമിക്കേസ്’ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.