തിരുവനന്തപുരം: യാത്രകൾക്ക് വാഹനം ബുക്ക് ചെയ്യുമ്പോൾ RTO യുമായി ബന്ധപ്പെടണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവറുടെ പശ്ചാത്തലം പരിശോധിച്ച് RTO റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിനോദയാത്ര പോകുമ്പോള്‍ ടൂറിസ്റ്റ് ബസുകളെയാണ് പല സ്കൂളുകളും ആശ്രയിക്കുന്നത്. എന്നാല്‍ ഈ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്സ്പീരിയന്‍സ് തുടങ്ങിയവ ആരും ശ്രദ്ധിക്കാറില്ല. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണം. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. ഈ അപകടം നൽകുന്ന പാഠം അതാണെന്നും മന്ത്രി പറഞ്ഞു.
കാറിനെ ഓവർടേക്ക് ചെയ്ത ടൂറിസ്റ്റ് ബസ് മുമ്പിൽ പോയ കെഎസ്ആർടിസി ബസ്സിനെ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽപെട്ട് നാല് പേര് പേരുടെ നില ഗുരുതരമാണ്.
Also Read- ടൂറിസ്റ്റ് ബസ്സ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നത്; ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്
ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും വശങ്ങളിലേക്ക് ചെരിഞ്ഞ് മറിഞ്ഞു. അപകടമുണ്ടായ ഉടനെ രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായെന്നും മന്ത്രി പറഞ്ഞു. പിന്നാലെ വന്ന വാഹനങ്ങള്‍ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങള്‍ കൈമാറാനോ ശ്രമിച്ചില്ല.
അപകടത്തെ കുറിച്ചുള്ള വിവരം അറിഞ്ഞ ഉടനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം ഉടനെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ചുവെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരും ഉൾപ്പെടെയാണ് മരിച്ചത്. പരിക്കേറ്റ നാൽപ്പതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.