മുംബൈ: അമിതവേഗതയിൽ വന്ന കാർ ആംബുലൻസിലും മറ്റ് മൂന്ന് കാറുകളിലും ഇടിച്ച് അഞ്ച് പേർ മരിച്ചു. മുംബൈയിലെ ബാന്ദ്ര-വർളി കടൽപാലത്തിനു സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പാലത്തിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനും കാറുകൾക്കും പുറകിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ വന്ന് ഇടിക്കുകയായിരുന്നു. അപകട സമയത്ത് നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.