മൂന്നാറിൽ വനം വകുപ്പിൻ‌റെ കൂട്ടിൽ കുടുങ്ങിയ കടുവയ്ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും

ഇടുക്കി: മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവെച്ച് പിടികൂടിയത്. എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച ശക്തി കുറവുണ്ട്. അതിനാല്‍ സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല.

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.

ഇന്നലെ രാത്രി എട്ടരമണിയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. നയമക്കാട് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പത്തോളം പശുക്കളെ കടുവ കൊന്നിരുന്നു. കടലാറില്‍ കണ്ടത് ഇതേ കടുവയെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കാല്‍മുദ്ര ഉള്‍പ്പടെ പരിശോധിക്കും.

കടലാർ ഈസ്റ്റ് ഡിവിഷനിൽ ഇന്നലെ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. അഞ്ചു പശുക്കളെ മേയാൻ വിട്ടിരുന്നു. അതിലൊരെണ്ണത്തിനെയാണ് ആക്രമിച്ചത്. പശുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. നയ്മക്കാട് ഭാഗത്ത് നാലിടങ്ങളിലായി കടുവയെ പിടികൂടാനായി കൂടു വെച്ചിരുന്നത്.