കേരളത്തിലെ ഓരോ പാർട്ടി സഖാക്കളുടെയും മനസ്സിൽ അവർ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി സംഘടന രംഗത്ത് ഞാൻ പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. ഏതൊരു സന്ദർഭത്തിലും നമ്മളുടെ വിഷമങ്ങളും, നമ്മുടെ പ്രയാസങ്ങളും, നമ്മളുടെ പരാതികളും എല്ലാം എപ്പോൾ വേണമെങ്കിലും ഒരു ഭയവുമില്ലാതെ ചെന്ന് പറയാൻ നമുക്ക് അവസരങ്ങൾ തന്ന നേതാവായിരുന്നു. അതുപോലെതന്നെ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അത് പറയുമ്പോൾ പോലും നമ്മുടെ നന്മയ്ക്ക് ആണ് പറയുന്നത് എന്ന് നമ്മൾക്ക് തോന്നുമായിരുന്നു. ഒരിക്കലും വെറുപ്പോ വിദ്വേഷമോ ആ വാക്കുകളിൽ ഇന്നുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ ആ ചിരിച്ചുകൊണ്ടുള്ള ആശയ വ്യക്തത വരുത്തി കൊണ്ടുള്ള ആ മറുപടി പലപ്പോഴും അതൊക്കെ പകർത്തുവാൻ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. ചിരിക്കുന്ന മുഖത്തോടു കൂടി വർത്തമാനം പറയുവാൻ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ ഒരിക്കലും അദ്ദേഹത്തെപ്പോലെ ക്ഷമയോടുകൂടി അതുപോലെ കൈകാര്യം ചെയ്യുവാൻ പറ്റുമായിരുന്നില്ല. അത് കോടിയേരി സഖാവിന് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു. അത്രത്തോളം എല്ലാവരെയും ഹൃദയംകൊണ്ട് സ്നേഹിച്ച ഒരു മനുഷ്യൻ. അദ്ദേഹത്തിൻറെ വേർപാടിനെ കുറിച്ച് പറയുമ്പോൾ ഞാൻ മൂന്നുതവണ എംഎൽഎ ആയപ്പോഴും, അതിനുമുമ്പ് ജില്ലാ കൗൺസിലിലേക്ക് മത്സരിച്ച് ജയിക്കുന്ന സന്ദർഭത്തിലും, പാർട്ടിയുടെ ഏരിയ കമ്മറ്റിയുടെ സെക്രട്ടറിയായി ആറു വർഷം കാലം പ്രവർത്തിച്ച ഘട്ടത്തിലും, 26 വർഷം പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ച ഘട്ടത്തിലും, ഇപ്പോൾ മൂന്നര വർഷക്കാലമായി എംപിയായി പ്രവർത്തിക്കുന്ന ഘട്ടത്തിലും എല്ലാം അദ്ദേഹത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങൾ എൻ്റെ പ്രവർത്തനത്തിൽ എന്നും വഴികാട്ടിയായി നിലകൊള്ളുകയാണ്. എംപിയായി ജയിച്ചതിനു ശേഷം എംപി ഓഫീസിന്റെ ഉദ്ഘാടനത്തിന് ഞാൻ ചെന്ന് ക്ഷണിച്ചതനുസരിച്ച് അദ്ദേഹം വന്ന് എംപി ഓഫീസ് പ്രവർത്തിക്കേണ്ടത് എങ്ങനെ എന്ന് ഹൃസ്വമായി പ്രസംഗിച്ചുകൊണ്ട് നൽകിയ ഉപദേശം അത് അപ്പാടെ സ്വീകരിച്ചുകൊണ്ടാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.സൂര്യന് താഴെയുള്ള ഏതൊരു പ്രശ്നത്തിനും വ്യക്തമായ കാഴ്ചപ്പാടോടുകൂടി തികച്ചും പൂർണമായും പാർട്ടി ലൈനിൽ നിന്നുകൊണ്ട് പറയുവാൻ അത് ഒരാൾക്ക് പോലും സംശയം അവശേഷിക്കാതെ പറയുവാൻ, നർമ്മ രസത്തോടെ പറയുവാൻ കൊടിയേരി സഖാവിൻ്റെ കഴിവ് അനിതിര സാധാരണമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി എന്ന നിലയിൽ അദ്ദേഹം നിയമസഭയിൽ വളരെ പ്രക്ഷുബ്ധമായ വിഷയങ്ങൾ പ്രതിപക്ഷം അവതരിപ്പിച്ച് കൊടുങ്കാറ്റ് പോലെ വരുന്ന വിഷയങ്ങൾ സഖാവ് കോടിയേരിയുടെ മറുപടി പറഞ്ഞു കഴിഞ്ഞാൽ പ്രതിപക്ഷം പോലും നിശബ്ദമാകുമായിരുന്നു. അങ്ങനെ അവരെ കൺവിൻസ് ചെയ്യിച്ചുള്ള ഒരു മറുപടി അതൊക്കെ ഓർമ്മയിൽ നിൽക്കുകയാണ്. ഇതെല്ലാം ഞാൻ ഓർമ്മക്കുറിപ്പുകൾ ആയി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്രത്തോളം എൻ്റെ ഹൃദയത്തിൽ എന്നും മഹത്തായ വലിയ സ്ഥാനമാണ് എനിക്കുള്ളത്. എന്നെപ്പോലെ അനേകം ലക്ഷം പേരുടെ മനസ്സിൽ സഖാവ് കോടിയേരിക്കുള്ള സ്ഥാനം. അത് രക്ഷകർത്താവിന്റേതാണ്, ഒരു പാർട്ടി നേതാവിൻ്റേതാണ്, ഒരു അധ്യാപകൻ്റേതാണ്, ഒരു കുടുംബ അംഗത്തിന്റേതാണ്. ആ നിലയിൽ എല്ലാവരുടെയും ഹൃദയത്തിൽ സഖാവ് കോടിയേരിക്ക് കണ്ണീരിൽ കുതിർന്ന വിട. പകരം അത്തമൊരു നേതാവ് ഇനി എന്നു വരും, എപ്പോൾ കാണാനാകും അത് നമ്മൾക്ക് സങ്കൽപ്പിക്കുവാൻ മാത്രമേ കഴിയുന്നുള്ളൂ .
Prev Post